About Our Church

കൊച്ചു പുണ്യാവാളന്‍റെ കൊച്ചുപള്ളി അഥവാ ചരിത്രപ്രസിദ്ധമായ തോപ്പുംപടി സെയ്ന്‍റ്സെബാസ്റ്റ്യന്‍ പള്ളി ചരിത്രസംഗ്രഹം

By C.D.Thomas

കൊല്ലവര്‍ഷം 1837 നവംബര്‍ 24 നു, ഭാരതത്തിലെ ആദ്യലത്തീന്‍ രൂപതയായ കൊച്ചിരൂപതയുടെ കീഴില്‍ ഇടവകയായി ആരംഭിച്ച തോപ്പുംപടി സെയ്ന്‍റ്സെബാസ്റ്റ്യന്‍ പള്ളി, ഇടവകാംഗങ്ങളുടെയും മറ്റു മതസ്ഥരുടെയും ജീവിതത്തിലെ വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെ സജീവ സാന്നിധ്യംകൊണ്ടും, കാലത്തെ അതിജീവിക്കുന്ന നിര്‍മ്മാണ വൈഭവംകൊണ്ടും കേരളത്തിന്‍റെ പൗരാണികചരിത്രത്തിലും വിശ്വാസികളുടെ ഹൃദയത്തിലും ഏറെ ഇടംനേടിക്കഴിഞ്ഞു.

ഭാരതവും പോര്‍ച്ചുഗീസും തമ്മിലുള്ള ചരിത്രപരവും സാസ്കാരികവുമായ ബന്ധത്തെപ്പറ്റി പഠനം നടത്തുകയും അവയെ സംരക്ഷിച്ചുനിര്‍ത്തുന്നതിനാവശ്യമായ പശ്ചാത്തലമൊരുക്കുകയും ചെയ്യുന്ന Eundacao Omete എന്ന പോര്‍ച്ചുഗല്‍ ട്രസ്റ്റിന്‍റെ പഠനരേഖകളില്‍ പശ്ചിമകൊച്ചിയില്‍ അടയാളപ്പെടുത്തിയിട്ടുള്ള പൗരാണീകപ്രാധാന്യമുള്ള ഏഴു ക്രിസ്തീയദൈവാലയങ്ങളില്‍ ഒന്നായ സെയ്ന്‍റ്സെബാസ്റ്റ്യന്‍ ദൈവാലയം പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ നശ്വരശ്രദ്ധനേടിയിട്ടുള്ള ഒരു സ്മാരകമാണ്.

16-ാം നൂറ്റാണ്ടില്‍ ഇതേസ്ഥലത്ത് ഉണ്ടായിരുന്നതായി ചില ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നത് സെയ്ന്‍റ് ജെയിംസ് ദൈവാലയമാണ്. 1870ല്‍ പുനരുദ്ധാരണം ചെയ്യപ്പെട്ട് ഇപ്പോഴുള്ള ദൈവാലയമായി നിലനില്ക്കുന്നത് എന്നാണ് ഈ ദൈവാലയത്തിന്‍റെ ജസ്യൂട്ട് മാതകയിലുള്ള നിര്‍മ്മാണശൈലിയും ശില്പവേലകളും ഈ സാക്ഷ്യത്തെ ബലപ്പെടുത്തുന്നുമുണ്ട്.

ദൈവാലയത്തിന്‍റെ മേല്‍ക്കൂര നിര്‍മ്മാണത്തിലെ അന്യം നിന്നുപോയ ചില തച്ചുശാസ്ത്രസങ്കേതങ്ങള്‍ ആധുനിക കെട്ടിടനിര്‍മ്മാണ രീതികളെ വെല്ലുന്നതാണ്. അത്യപൂര്‍വ്വമായ വെള്ള അകില്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. 1 മീറ്റര്‍ 10 സെന്‍റീമീറ്റര്‍ വലുപ്പമുള്ള വെട്ടുകല്ലുകള്‍ മിനുക്കിയെടുത്തതാണ് കെട്ടിടനിര്‍മ്മാണം നടത്തിയിരിക്കുന്നത്. സുര്‍ക്കിയും ശുദ്ധവുമായ കുമ്മായവുമാണ് കല്ലുകള്‍ ചേര്‍ത്തുവയ്ക്കുന്നതിനും തേപ്പിനും ഉപയോഗിച്ചിരിക്കുന്നത്. വേന്പനാട്ടുകായലിനഭിമുഖമായി നില്ക്കുന്ന ദൈവാലയത്തിന്‍റെ കായലിനു ദര്‍ശനമായി നില്ക്കുന്ന അള്‍ത്താരഭാഗം അര്‍ദ്ധവൃത്താകതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മരം ചുമരിന്‍റെ ആകൃതിയില്‍ അര്‍ദ്ധവൃത്തമായി വളച്ചെടുത്താണ് ഉത്തരം നിര്‍മ്മിച്ചിരിക്കുന്നത്. ഏതു കാലാവസ്ഥയെയും അതിജീവിക്കുന്നതരത്തിലാണ് ദൈവാലയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനം. ദൈവാലയത്തിന്‍റെ മുന്‍വശത്തുള്ള ചത്വരം (Square) പോര്‍ച്ചുഗീസ് സംസ്കാരത്തിന്‍റെ ആവിര്‍ഭാവമാണ്. ഇവിടെ വച്ചാണ് മുന്‍കാലങ്ങളില്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തീര്‍പ്പുകല്പ്പിച്ചിരുന്നത് എന്നു പറയപ്പെടുന്നു. കൊച്ചിരാജാവിന്‍റെ സൈന്യത്തില്‍ ചേരുന്നതിനുവേണ്ടി കൊച്ചിരൂപതയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളില്‍നിന്നു നസ്രാണിയുവാക്കള്‍ യാത്രയായത് വേന്പനാട്ടു കായലിലൂടെയായിരുന്നുവെന്നും വാമൊഴികള്‍ ഉണ്ട്.

ഏതായാലും രണ്ടു നൂറ്റാണ്ടുമുന്പ് മുതല്‍ ഈ പ്രദേശത്തു ലത്തീന്‍ കത്തോലിക്കരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിനുള്ള ശക്തമായ അടയാളമായി സെയ്ന്‍റ് സെബാസ്റ്റ്യന്‍ ദൈവാലയം ചില ചരിത്രസ്നേഹികളെങ്കിലും കരുതിപോരുന്നതില്‍ അതിശയോക്തി ഒട്ടുമില്ല എന്നു വേണം കരുതാന്‍. ചരിത്രപരവും പൗരാണികവുമായ വസ്തുതകള്‍ നിലനില്ക്കുന്പോള്‍തന്നെ വിപുലമായിക്കൊണ്ടിരുന്ന ഇടവകാംഗങ്ങളുടെ ആരാധനാകാര്യങ്ങളിലെ പങ്കാളിത്ത ബാഹുല്യം പരിഹരിക്കേണ്ടത് ഇടവക വൈദികരുടെ ധാര്‍മ്മിക ഉത്തരവാദിത്വമായി ഇടിനിടെ വളര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ പള്ളി പൂര്‍ണ്ണമായും പൊളിച്ചുമാറ്റി പുതിയതായി ഒരെണ്ണം പണിയുക എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നു. പള്ളിയുടെ പൗരാണികതയും ഗാംഭീര്യവും നിലനിര്‍ത്തിക്കൊണ്ടു ചില പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങളിലൂടെ സ്ഥലസൗകര്യം കഴിയുന്നത്ര ലഭ്യമാക്കുക എന്ന അഭിപ്രായവും ഉണ്ടായി. തീരുമാനങ്ങള്‍ ഒന്നും കൈകൊള്ളാതെ നിന്ന സാഹചര്യത്തില്‍ ചരിത്രപരമായ പൗരാണികതയും അനന്യമായ ശില്പചാരുതയും നിര്‍മ്മാണശൈലിയിലെയും വസ്തുക്കളിലെയും വൈവിദ്ധ്യവും അപൂര്‍വ്വതയും പരിഗണിച്ച് സംസ്ഥാന പുരാവസ്തുവകുപ്പ് 1968ലെ കേരള പ്രാചീനസ്മാരക പുരാവസ്തു സങ്കേത പുരാവിഷ്ട ആക്ടിലെ (1969ലെ 26) 4-ാം വകുപ്പ് 3-ാം ഉപവകുപ്പ് അനുസരിച്ച് ഈ ദൈവാലയത്തെ 2008 ഒക്ടോബര്‍ 17ലെ 2227 നന്പര്‍ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ സംരക്ഷിത ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു.

തുടര്‍ന്ന് കൊച്ചി മെത്രാന്‍ തിരുമേനി റൈറ്റ് റവ.ഡോ.ജോസഫ് കരിയില്‍ .............ന് ദൈവാലയങ്കണത്തില്‍ വച്ച് പഴയ ദൈവാലയം നിലനിര്‍ത്തി ആവശ്യമായ പുനരാദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണെന്നു പ്രഖ്യാപിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു കല്ലിടല്‍ ചടങ്ങുകളോടെ ആരംഭം കുറിക്കുകയും ചെയ്തു.

ഇതേതുടര്‍ന്നു പള്ളിയുടെ പടിഞ്ഞാറു വശത്തായിരുന്ന ജീര്‍ണ്ണാവസ്ഥയിലായിരുന്ന വൈദികരുടെ താമസസ്ഥലം-മേട പൊളിച്ചുമാറ്റി. പള്ളിയുടെ നിര്‍മ്മാണത്തിനു ഇണങ്ങും വിധം പുതിയഭാഗം നിര്‍മ്മിച്ചു പള്ളിയുടെ അള്‍ത്താര പുനഃസ്ഥാപിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന അള്‍ത്താരയുടെ അതേ രൂപത്തിലും ആകൃതിയിലുമാണ് പുനര്‍നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

ഈ ദൈവാലയം കൊച്ചുപള്ളി എന്നുകൂടി അറിയപ്പെടുന്നതിനിടയാക്കിയ ആനകൊത്തിയെടുത്തിയ ചെറിയരൂപം സ്ഥാപിച്ചിരുന്ന അനന്യമായ ശില്പവേലകളാല്‍ സന്പുഷ്ടമായിരുന്ന മരത്തില്‍ ഉണ്ടാക്കിയിരുന്ന അള്‍ത്താരഭാഗം ചീകിമിനുക്കി യഥാര്‍ത്ഥ പ്രൗഢിതിരിച്ചെടുത്താണ് പുതിയ അള്‍ത്താരഭാഗത്തു വീണ്ടു സ്ഥാപിച്ചിരിക്കുന്നത്. ഇടവകാംഗമായിരുന്ന പ്രശസ്ത തച്ചന്‍ കമ്മേള്‍ മേസ്തിരിയുടെ വിശ്വാസപരമായ സമര്‍പ്പണത്തിലും കരവിരുതിലുമാണ് ഈ ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. സെയ്ന്‍റ് ദൈവാലയത്തിന്‍റെ കുരിശുപള്ളി സ്ഥിതിചെയ്യുന്ന കരുവേലിപ്പടി പ്രദേശത്ത് ജീവിച്ചിരുന്ന മറുവക്കാടന്‍ വറുത് എന്നയാള്‍ക്ക് 1926ല്‍ കുരിശുപള്ളിയുടെ മുന്പിലുള്ള വേന്പനാട്ടു കായലില്‍നിന്നും ലഭിച്ച ആനക്കൊന്പില്‍ കൊത്തിയെടുത്ത 15 ഇഞ്ച് മാത്രം വലുപ്പമുള്ള രൂപം തന്‍റെ സുഹൃത്തായ കരുവേലിപ്പടി മൂപ്പനെ ഏല്പ്പിക്കുകയും മൂപ്പന്‍ അത് വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു. പിന്നീട് വി.പി കണ്ണുപിള്ളയെന്ന ഒരാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്തു ഒരു താത്കാലിക സംവിധാനം ഒരുക്കി അവിടെ സ്ഥാപിച്ചു. അതാണ് പിന്നീട് കരുവേലിപ്പടി കുരുശുപള്ളിയായത്.

തുടര്‍ന്ന് ഈ രൂപം അര്‍ദ്ധവൃത്താകൃതിയില്‍ ഉണ്ടായിരുന്ന പടി അള്‍ത്താരയില്‍ സ്ഥാപിക്കുകയും കമ്മേള്‍ മേസ്തിരി മരത്തില്‍ പുതിയ അള്‍ത്താരഭാഗങ്ങള്‍ നിര്‍മ്മിച്ചതിനുശേഷം അതിന്‍റെ മുകള്‍ഭാഗത്തായി വിശുദ്ധന്‍റെ ചെറിയരൂപം സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷമാണ് സെബാസ്റ്റ്യാനോസ് കൊച്ചുപുണ്യവാളനെന്നും , കൊച്ചുപുണ്യവാളന്‍ ഇരിക്കുന്ന പള്ളി കൊച്ചുപള്ളി എന്നും അറിയപ്പെട്ടു തുടങ്ങിയത്. ലോകത്ത് എവിടെയും സെബസ്റ്റ്യാനോസ് അതുപോലൊരു പേരിലറിയപ്പെടുന്നില്ല. തോപ്പുംപടി പള്ളിയില്‍ സെബസ്റ്റ്യാന്‍ കൊച്ചുപുണ്യവാളന്‍ എന്നു മാത്രമേ അറിയപ്പെടുന്നുള്ളൂ. എല്ലാവര്‍ഷവും ജനുവരി 20നു പുണ്യവാളന്‍റെ ദിനവും അതിനുശേഷം വരുന്ന ഞായര്‍ പെരുന്നാള്‍ ആഘോഷവും കൊണ്ടാടുന്നു. ജാതിമതഭേദമന്യേ നിരവധിപേര്‍ പുണ്യവാളന്‍റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു അനുഗ്രഹിതരായിത്തീരുന്നു. പള്ളിയോടു ചേര്‍ന്നു താമസിക്കുന്ന ഹിന്ദുസമുദായ സഹോദരങ്ങള്‍ പ്രദക്ഷിണ വഴിയില്‍ നിലവിലക്കുകളും നിറച്ചാര്‍ത്തുകളുമായി വിശ്വാസപൂര്‍വ്വം പുണ്യവാളന്‍റെ പ്രദക്ഷിണത്തെ സ്വീകരിക്കുന്ന കാഴ്ച മതസൗഹാര്‍ദ്ദത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്.

പള്ളിയുടെ പുനര്‍നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രകാശനം ചെയ്യുന്നതിനായി ഒരു ചരിത്ര സ്മരണികയുടെ ഗവേഷണപ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. സര്‍വ്വോപരി ഇടവകാംഗങ്ങളുടെ നിസ്വാര്‍ത്ഥവും നിസ്തുല്യവുമായ സഹകരണവും സഹായവും ലഭ്യമായതാണ് വളരെ വേഗത്തില്‍ ദൈവാലയ പുനഃരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാന്‍ ഇടയാക്കിയിട്ടുള്ളത്. പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ അള്‍ത്താരയില്‍ വത്തിക്കാനില്‍ നിന്നുകൊണ്ടുവന്ന വിശുദ്ധന്‍റെ തിരുശേഷിപ്പും പ്രതിഷ്ഠിച്ചിരിക്കുന്നു.

C.D തോമസ്

Parish Bulletin

more videos

Sundays: Morning - 05.30,07.00,09.15 (Catechism Students Mass), Evening - 06.00 PM | Thursdays: Morning - 06.30, 07.30, Afternoon - 06.00 Followed by Novena to St. Sebastian | Other Weekdays: Morning - 06:30, 07.30, Afternoon - 06.00